Ticker

6/recent/ticker-posts

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തൊഴിൽ സ്വപ്നങ്ങളുമായി വിദേശത്തേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കൂടിയതോടെ ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും ഏറിവരികയാണ്. വിദേശത്ത് തൊഴിൽ തേടുന്ന മലയാളികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് നോർക്ക റൂട്ട്സ്. റിക്രൂട്ടിങ് ഏജൻസികളുടെ തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തൊഴിൽ ദാതാക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വാർത്താക്കുറിപ്പിൽ പറയുന്നു. തട്ടിപ്പിനിരയായാൽ ചെയ്യേണ്ട കാര്യങ്ങളും നോർക്ക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.


ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തൊഴിൽദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം.

റിക്രൂട്ടിങ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാറിന്റെ www.emigrate.gov.in- ൽ പരിശോധിച്ച് ഉറപ്പുവരുത്തണം.

ഇ-മൈഗ്രേറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശ കുടിയേറ്റം നടത്തുവാൻ പാടുള്ളു.

അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ നൽകുന്ന സന്ദർശക വിസ പ്രകാരമുള്ള കുടിയേറ്റം ഒഴിവാക്കുക.

ഉദ്യോഗാർത്ഥികൾ തൊഴിൽദാതാവിൽ നിന്നുള്ള ഓഫർ ലെറ്റർ കരസ്ഥമാക്കിയിരിക്കണം.

ശമ്പളം മുതലായ സേവന - വേതന വ്യവസ്ഥകൾ അടങ്ങുന്ന തൊഴിൽ കരാർ വായിച്ച് മനസ്സിലാക്കിയിരിക്കണം.

വാഗ്ദാനം ചെയ്ത ജോലിയാണ് വിസയിൽ കാണിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

വിദേശ തൊഴിലിനായി യാത്രതിരിക്കുന്നതിന് മുൻപ് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്സ്പോർട്ട് ഉടമകൾ നോർക്കയുടെ പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പരിശീലന പരിപാടി ഉപയോഗപ്പെടുത്തേണ്ടതാണ്.

എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 ഇ.സി.ആർ രാജ്യങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന ഇ.സി.ആർ പാസ്സ്പോർട്ട് ഉടമകൾക്ക്, കേന്ദ്രസർക്കാറിന്റെ ഇ-മൈഗ്രേറ്റ് വെബ് പോർട്ടൽ മുഖാന്തരം എമിഗ്രേഷൻ ക്ലിയറൻസ് ഉറപ്പ് വരുത്തേണ്ടതാണ്. (സന്ദർശക വിസ നൽകിയാണ് അനധികൃത റിക്രൂട്ടിംഗ് ഏജന്റുകൾ ഇവരെ കബളിപ്പിക്കുന്നത്.

വിദേശതൊഴിലുടമ ഇവരുടെ സന്ദർശക വിസ തൊഴിൽ വിസയാക്കി നൽകുമെങ്കിലും തൊഴിൽ കരാർ ഇ-മൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാക്കുന്നില്ല. ഇക്കാരണത്താൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണാക്കാക്കുകയും പലർക്കും വേതനം, താമസം, മറ്റ് അർഹമായ ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കുകയും തൊഴിലിടങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവരികയും ചെയ്യുന്നു.

ഓപ്പറേഷൻ ശുഭയാത്ര

വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകൾ, വിസ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച പരാതികൾ നേരിട്ട് അറിയിക്കുന്നതിനായി കേരളാ പോലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ശുഭയാത്ര. വ്യാജ റിക്രൂട്ട്മെന്റ്,വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നീ വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയോ, 0471 2721547 എന്ന ഹെൽപ്ലൈൻ നമ്പറിലോ നേരിട്ട് അറിയിക്കാം

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് രാജ്യാന്തരതലത്തിൽ തൊഴിൽ നേടാൻ സഹായകരമാകുന്ന നോർക്ക റൂട്ട്സിന്റെ ഭാഷാ പഠന കേന്ദ്രമാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്. വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്.

സുരക്ഷിത തൊഴിൽ അവസരങ്ങൾക്കും വിദേശഭാഷാ പഠനത്തിനും സന്ദർശിക്കുക:www.nifl.norkaroots.org

Post a Comment

0 Comments