ഏത് വിഷയമെടുത്ത് പ്ലസ്ടു പഠിച്ചവർക്കും വിശാലമായ ജോലി സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ശ്രദ്ധേയമായ തുടർ പഠന മേഖലയാണ് നിയമം. ഒരു ജൂനിയർ അഭിഭാഷകൻ തൊട്ട് സുപ്രീം കോടതി ജ്ഡ്ജി വരെ നീളുന്നതാണ് നിയമപഠനത്തിന്റെ സാധ്യതകൾ .ആശയ വിനിമയ ശേഷി, സാമാന്യ ബുദ്ധി, അപഗ്രഥന ശേഷി, നിരീക്ഷണ പാഠവം, വിവേചന ശേഷി, ആത്മ വിശ്വാസം തുടങ്ങിയവയുള്ള വ്യക്തികൾക്ക് ശോഭിക്കാൻ കഴിയുന്ന മേഖലയാണിത്. അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പ്രോഗ്രാമിന് പുറമെ ബിരുദ വിദ്യാർത്ഥികൾക്ക് ചേരാവുന്ന മൂന്ന് വർഷ എൽ.എൽ.ബി പ്രോഗ്രാമുകളുമുണ്ട്. ബിരുദ പഠനത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ സ്പെഷ്യലൈസേഷനോടെയുള്ള എൽ.എൽ.എം, പി.എച്ച്.ഡി പഠനങ്ങൾക്കും അവസരമുണ്ട്. ഇന്റർനാഷണൽ ലോ, കോർപ്പറേറ്റ് ലോ, ഇന്റലക്ച്ചൽ പ്രോപ്പർട്ടി റൈറ്റ്സ്, ടാക്സേഷൻ, ആർബിട്രേഷൻ, സൈബർ ലോ, ലേബർ ലോ തുടങ്ങി നിരവധി മികച്ച കരിയർ സാധ്യതകളുള്ള സ്പെഷ്യലൈസേഷനുകളുണ്ട്.വ്യവസായ വാണിജ്യ ധനകാര്യ സ്ഥാപനങ്ങൾ, പബ്ലിക് പ്രോസിക്യൂഷൻ, പൊതു മേഖലാ സ്ഥാപനങ്ങൾ, മീഡിയ, ജുഡീഷ്യൽ സർവീസ്, ടാക്സ് കൺസൾട്ടൻസി, നോട്ടറി, ആർബിട്രേഷൻ, പാരാലീഗൽ സർവീസ്, ലീഗൽ പ്രോസസ്സ് ഔട്ട് സോഴ്സിങ് (LPO), ഇൻഷൂറൻസ്, ഇന്റലക്ചൽ പ്രോപ്പർട്ടി റൈറ്റ്സ് (IPR), നിയമ വിശകലനം, ലീഗൽ ജേർണലിസം ,ഫാമിലി കൗൺസലിംഗ് തുടങ്ങിയ മേഖലകളിൽ വിശാലമായ തൊഴിലവസരങ്ങളുണ്ട്. ഇൻ്റർനാഷണൽ ഓർഗനൈസേഷനുകൾ ,കൺസ്യൂമർ ഫോറങ്ങൾ, ലോകായുക്ത ,എൻ.ജി.ഒകൾ , റെയിൽവേ , എൻ.ഐ.എ , സി.ബി.ഐ , പാർലമെൻ്റ് തുടങ്ങി നിരവധി മേഖലകളിൽ ജോലി സാധ്യതകളുണ്ട് .നിയമ ബിരുദത്തോടൊപ്പം എം.ബി.എ, കമ്പനി സെക്രട്ടറിഷിപ്പ് ,എം.സ് ഡബ്ല്യു പോലുള്ള അധിക യോഗ്യതകൾ നേടുന്നവർക്ക് കോർപ്പറേറ്റ് മേഖലയിൽ മികച്ച അവസരങ്ങളുണ്ട്. സിവിൽ സർവീസ് മേഖലയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ബിരുദ കോഴ്സുകളിലൊന്നാണ് എൽ.എൽ.ബി.
വിവിധ നിയമ കലാലയങ്ങളിൽ അധ്യാപകരായും ജോലി സാധ്യതയുണ്ട്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം യു.ജി.സിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് കൂടി വിജയിച്ചാൽ മതി. റിസർച്ച് മേഖലകളിലും അവസരങ്ങളുണ്ട്. കേരള ഹൈക്കോടതി നടത്തുന്ന മുൻസിഫ്/ മജിസ്ട്രേറ്റ് പരീക്ഷ വഴി നേരിട്ട് ജഡ്ജി ആകാൻ അവസരമുണ്ട്. ഐ.ബി.പി.എസ് (IBPS) നടത്തുന്ന സ്പെഷലിസ്റ്റ് ഓഫീസർ (SO) പരീക്ഷ വഴി ലോ ഓഫീസർ തസ്‌തികയിലെത്താം. ബാർ കൗൺസിലിൽ എൻറോൾ ചെയ്ത ശേഷം സുപ്രീം കോടതി, ഹൈക്കോടതി, കീഴ്ക്കോടതി എന്നിവിടങ്ങളിൽ വക്കീലായി പ്രാക്ടീസ് ചെയ്യാം. ലീഗൽ പ്രാക്ടീസിന് പ്രായ പരിധിയില്ല. വക്കീലായി മൂന്ന് വർഷത്തെ പരിചയമുണ്ടെങ്കിൽ ആർ.ബി.ഐ, എസ്.ബി.ഐ തുടങ്ങിയവയിൽ ലീഗൽ തസ്തികളിലക്ക് അപേക്ഷിക്കാം. സീനിയർ അഡ്വക്കേറ്റായി പ്രവർത്തിക്കുന്നവർക്ക് സർക്കാറിന്റെ പല കമ്മീഷനുകൾക്കും നേതൃത്വം നൽകാം. വിവിധ സർക്കാർ വകുപ്പുകളിൽ നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള അധിക യോഗ്യതയായും നിയമ ബിരുദം പരിഗണിക്കാറുണ്ട്. നമ്മുടെ സേനാ വിഭാഗങ്ങളിൽ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത 55 ശതമാനത്തോടെയുള്ള നിയമ ബിരുദമാണ് . സർവീസ് സെലക്ഷൻ ബോർഡ് (SSB) ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
0 Comments